ഡാളസ്: അകാലത്തിൽ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകൾ 13 വർഷം പിന്നിടുമ്പോഴും സഭാംഗങ്ങളിൽ സജീവമായി നിലനിൽക്കുന്നു.
നോർത്ത് അമേരിക്കാ - യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണ് പാട്രിക് മരുതുംമൂട്ടിലിന് മാർത്തോമ്മാ സഭ നൽകിയത്.
എന്നാൽ, ആ സ്മരണ നിലനിർത്തുന്നതിനായി ഭദ്രാസനം പ്രഖ്യാപിച്ച "പാട്രിക് മിഷൻ പ്രോജക്റ്റ്' ഇപ്പോഴും ശൈശവദശയിൽ തന്നെയാണെന്നത് സഭ ജനങ്ങളിൽ ആശങ്കയുണർത്തുന്നു.
നോർത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ലഹോമ ബ്രോക്കൻ ബോയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിന്റെ (വിബിഎസ്) ക്രമീകരണങ്ങൾക്കായി കൂട്ടുകാരോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിലാണ് 2013 ജൂൺ നാലിന് പാട്രിക് മരണപ്പെടുന്നത്.
2004-ൽ ഉപരിപഠനാർഥം അമേരിക്കയിലെത്തി ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ പാട്രിക്, ടെക്സസ് ഇൻസ്ട്രുമെന്റ്സിൽ ജോലിയിൽ പ്രവേശിച്ച് അധികം താമസിയാതെയായിരുന്നു ഈ ദുരന്തം.
മലയാളികളായ ചെറിയാൻ - ജെസി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്പോർട്സിലും ഗിറ്റാർ വായനയിലും അതീവ സമർഥനായിരുന്നു.
ക്രൈസ്തവ മൂല്യങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്നു എന്ന് മാത്രമല്ല, ആധുനിക സംസ്കാരത്തിന്റെ ദൂഷിതവലയത്തിൽപ്പെട്ട് അന്ധകാര ശക്തികൾക്ക് അടിമപ്പെട്ടിരുന്ന നിരവധി യുവാക്കളെ സത്യപ്രകാശത്തിലേക്ക് നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടിയായിരുന്നു അദ്ദേഹം.
കോളേജ് വിദ്യാഭ്യാസത്തിനിടയിൽ സീനിയർ ഓറിയന്റേഷൻ ടീം മെന്റർ, യുടിഡി സ്റ്റുഡന്റ് അംബാസിഡർ, ഗോൾഡൻ കീ ഹോണർ സൊസൈറ്റി എന്നീ തലങ്ങളിൽ പാട്രിക് പ്രവർത്തനനിരതനായിരുന്നു.
പാട്രിക് മിഷൻ പ്രോജക്റ്റും അനിശ്ചിതത്വവും
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകാംഗമായിരുന്ന പാട്രിക് ഡാളസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നൽകുന്നതിൽ മുൻപന്തിയിലായിരുന്നു.
മാർത്തോമാ സഭയ്ക്ക് വേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ച് ഉചിതമായ സ്മാരകം നിർമിക്കുമെന്നും അത് പാട്രിക് മിഷൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുമെന്നും 2014-ൽ ഭദ്രാസന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ ഭദ്രാസന എപ്പിസ്കോപ്പായാണ് പ്രഖ്യാപിച്ചത്.
പാട്രിക്കിന്റെ ഒന്നാം ചരമവാർഷിക ദിനമായ 2014 ജൂൺ നാലിന് ഒക്ലഹോമ ബ്രോക്കൻ ബോയിൽ പുതിയ കെട്ടിടത്തിന്റെ കൂദാശ നിർവഹിക്കാനായിരുന്നു ആദ്യ പദ്ധതി. ഇതിന്റെ ചുമതല സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു.
2,20,000 ഡോളർ ചെലവഴിച്ച് രണ്ടു ഘട്ടങ്ങളായി പണി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ.ഡോ. ഗീവർഗീസ് തെയോഡോഷ്യസിന്റെ കാലാവധി പൂർത്തിയായിട്ടും പണി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക് മാർ ഫിലക്സിനോസ് 2016 ഓഗസ്റ്റ് 13-ന് ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയോടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഈ കെട്ടിടത്തിന്റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളർ ചെലവഴിച്ച് പൂർത്തിയാക്കിയതിന്റെ കൂദാശകർമം 2017 ജൂൺ എട്ടിന് എപ്പിസ്കോപ്പാ നിർവഹിച്ചു. ഇപ്പോൾ അതിനുശേഷവും ഒൻപത് വർഷങ്ങൾ കൂടി കടന്നുപോയിരിക്കുന്നു.
ഉയരുന്ന ചോദ്യങ്ങളും ബദൽ നിർദേശങ്ങളും
ഒന്നാം ഘട്ടം പൂർത്തീകരിച്ചിടത്ത് തന്നെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാകുമോ, അതോ പ്രോജക്ടിന്റെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയുന്നതിന് സഭാംഗങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഭദ്രാസന സഭാനേതൃത്വം വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത പാട്രിക് മിഷൻ പ്രോജക്റ്റ് പോലെ തന്നെ, ഇതിനു മുൻപ് തുടങ്ങിയ പല പദ്ധതികളും പൂർണമായും ഫലപ്രാപ്തിയിൽ എത്തിയോ എന്ന ന്യായമായ സംശയവും അവശേഷിക്കുന്നു.
ബ്രോക്കൻ ബോയിൽ ഇത്രയും തുക ചിലവഴിച്ച് പൂർത്തീകരിച്ച കെട്ടിടം കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ എത്ര തവണ ഉപയോഗിക്കേണ്ടി വന്നു എന്നത് ചിന്തനീയമാണ്.
"ഇനിയും രണ്ടാം ഘട്ട നിർമാണത്തിന് പണം ചിലവഴിക്കുന്നത് എന്തിനാണ്?' - ദീർഘവീക്ഷണമൂള്ള സഭാംഗങ്ങൾ ഉയർത്തുന്ന ചോദ്യമാണിത്. നിലവിലെ എപ്പിസ്കോപ്പായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
പദ്ധതിക്കായി ഇനിയും നീക്കിവച്ചിരിക്കുന്ന ഒരു ലക്ഷത്തിലധികം ഡോളർ, പ്രോജക്ടിന്റെ ആരംഭത്തിൽ പലരും ചൂണ്ടിക്കാണിച്ചിരുന്നതുപോലെ ഒരു "എൻഡോവ്മെന്റ് ഫണ്ട്' ആയി മാറ്റണമെന്ന ആവശ്യം പതിമൂന്ന് വർഷം തികയുമ്പോഴും ശക്തമാവുകയാണ്.
ഇതിൽ നിന്നും ലഭിക്കുന്ന തുക നിർദ്ധനരായ വിദ്യാർഥികളുടെ ഉന്നത പഠനത്തിന് സ്കോളർഷിപ്പായി നൽകുന്നത് പാട്രിക്കിന്റെ സ്മരണയെ കൂടുതൽ അർഥവത്തായ രീതിയിൽ നിലനിർത്തുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
ഭദ്രാസനത്തിൽ അറ്റ്ലാന്റാ പ്രൊജക്റ്റ് ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് വിജയകരമായ നേതൃത്വം നൽകി സേവനം പൂർത്തീകരിച്ച് കേരളത്തിലേക്ക് തിരിച്ചുപോയ അഭിവന്ദ്യ എപ്പിസ്കോപ്പാ ഈ ആവശ്യം അനുഭാവപൂർവം പരിഗണിച്ചിരുന്നു.
ഉചിതമായ തീരുമാനം സ്വീകരിക്കുന്നതിനായി പുതിയ ഭദ്രാസന എപ്പിസ്കോപ്പാക്ക് ബാറ്റൺ കൈമാറിയെങ്കിലും ഇതിന്മേൽ അനുകൂലമായ എന്തെങ്കിലും സംഭവിക്കുമോ എന്നാണ് സഭാജനങ്ങൾ ഇന്നും ഉറ്റുനോക്കുന്നത്.